ഭക്ഷ്യ സംസ്കരണ മേഖല

ഭക്ഷ്യ സംസ്കരണ മേഖല


ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം ഭൂരിഭാഗവും അസംഘടിത മേഖലയിലാണ്. ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത 25 ലക്ഷത്തോളം ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾ ഉൾപ്പെടുന്നതാണ് രാജ്യത്തെ അസംഘടിത ഭക്ഷ്യ സംസ്‌കരണ മേഖല. ഈ മേഖലയിലെ അസംഘടിത സംരംഭങ്ങൾ 74% തൊഴിലവസരങ്ങളും (അതിൽ മൂന്നിലൊന്ന് സ്ത്രീകളും), ഉൽപാദനത്തിൻ്റെ 12%, ഭക്ഷ്യ സംസ്കരണത്തിലെ മൂല്യവർദ്ധനവിൻ്റെ 27% എന്നിവയും സംഭാവന നൽകുന്നു. ഈ യൂണിറ്റുകളിൽ ഏകദേശം 66% ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്, അവയിൽ 80% കുടുംബാധിഷ്ഠിത സംരംഭങ്ങളാണ്. പ്ലാൻ്റ്, മെഷിനറി, വിറ്റുവരവ് എന്നിവയിലെ നിക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ ഈ യൂണിറ്റുകളിൽ ഭൂരിഭാഗവും മൈക്രോ മാനുഫാക്ചറിംഗ് യൂണിറ്റുകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും പരിമിതമായ യന്ത്രവത്‌കരണവും ഭക്ഷ്യ സുരക്ഷ മാനദണ്ഡ‌ങ്ങൾ പാലിക്കുന്നതിനുള്ള വിമുഖതയും ബ്രാന്റ്റിങ് നടത്തുന്നതിനും വിപണന-വിതരണ ശൃംഖല സമന്വയിപ്പിക്കുന്നതിനുള്ള വൈദഗ്ദ്ധ്യമില്ലായ്‌മയും മൂലധനത്തിന്റെ അപര്യാപ്തതയും ഭക്ഷ്യ സംസ്‌കരണ മേഖല നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളാണ്. ഈ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പ്രധാനമന്ത്രിയുടെ "ആത്മനിർഭർ ഭാരത്" പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം "പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ്' (പി. എം. എഫ്. എം. ഇ) എന്ന ഭക്ഷ്യ സംസ്‌കരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അസംഘടിത മേഖലയിലുള്ള ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളെ സംഘടിത മേഖലയിലേക്ക് പരിവർത്തനം ചെയ്യുന്നതിനും അവയുടെ മത്സരശേഷിയും വൈദഗ്ദ്ധ്യവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഭക്ഷ്യ സംസ്കരണം ഉൾപ്പെടെ വിവിധ ഉൽപ്പാദന, സേവന മേഖലാ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്വയം സഹായ സംഘങ്ങളെ പ്രാപ്തരാക്കാൻ പല കാലങ്ങളിലായി വിവിധ സർക്കാരുകൾ ശ്രമങ്ങൾ നടത്തി വന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണം സംരംഭക മേഖലയിൽ നിക്ഷേപം നടത്താനും അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എഫ്‌പിഒകളെയും എസ്എച്ച്ജികളെയും പിന്തുണയ്‌ക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്.

ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നൽകുന്നതിനായി രൂപവത്കരിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ്‌ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം.എഫ്‌.എം.ഇ സ്കീം). സൂക്ഷ്മ സംരംഭങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും ഈ സംരംഭങ്ങളുടെ നവീകരണത്തിനും പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഗ്രൂപ്പുകളുടെയും സഹകരണ സംഘങ്ങളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി ഈ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.