സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നോഡൽ ഡിപ്പാർട്മെന്റായി പ്രവർത്തിക്കുന്ന പി.എം.എഫ്.എം.ഇ. പദ്ധതിക്കായി ഏറ്റവുമധികം വായ്പകൾ നൽകിയ വയനാട് ജില്ലയിലെ ബാങ്ക് ബ്രാഞ്ചുകളെ ആദരിച്ചു. വയനാട് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ് യോഗത്തിലാണ് ബാങ്കുകളെ ആദരിച്ചത്.
പി.എം.എഫ്.എം.ഇ. പദ്ധതിയിൽ ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ ബാങ്ക് ബ്രാഞ്ചുകളെയും, ജില്ലയിലെ മികച്ച സംരംഭക നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, മികച്ച സംരംഭക പഞ്ചായത്ത്, വ്യവസായ വകുപ്പിന്റെ കീഴിലെ സൂക്ഷമ ചെറുകിട സംരംഭത്തിനുള്ള പുരസ്‌ക്കാരം നേടിയവർ എന്നിവരെയും പരിപാടിയിൽ ആദരിച്ചു.
വിവിധ സബ്സിഡി പദ്ധതികളായ പി.എം.എഫ്.എം.ഇ, പി.എം.ഇ.ജി.പി, ഒ.എഫ്.ഒ.ഇ., മാർജിൻ മണി ഗ്രാൻഡ് ടു നാനോ യൂണിറ്റ് എന്നീ പദ്ധതികൾ നടപ്പിലാക്കുന്ന ജില്ലയിലെ വിവിധ ബാങ്കുകളുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനും വകുപ്പിൻ്റെ പുതിയ പദ്ധതികളെ ബാങ്കുകൾക്ക് പരിചയപ്പെടുത്തുന്നതിനുമായാണ് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. വയനാട് കൽപ്പറ്റ ഗ്രീൻഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.